പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ശ്രീലങ്കയെ നാണംകെടുത്തി ടീം ഇന്ത്യ. ചരിത്രമുറങ്ങുന്ന വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ശ്രീലങ്ക പോരാട്ടം പല കാരണങ്ങളാൽ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. 12 വർഷങ്ങൾക്ക് മുന്നേ ഇതേ മൈതാനത്ത് ഇതേ എതിരാളികളെ തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകപ്പ് നേടിയത്. അന്നത് തുല്യശക്തികളുടെ പോരാട്ടം ആയിരുന്നെങ്കിൽ ഇന്ന് ശ്രീലങ്കൻ ടീം പേപ്പറിലും കളത്തിലും ദുർബലരാണ്. ആ ദൗർബല്യം വേണ്ടുവോളം മുതലെടുത്ത ഇന്ത്യൻ ടീം അക്ഷരാർഥത്തിൽ ശ്രീലങ്കയെ നാണംകെടുത്തി. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബൌളിംഗ് തിരഞ്ഞെടുത്തു.വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്കു വിരുന്നൊരുക്കിയത് വിരാട് കോലിയും ഓപ്പണർ ശുഭ്മൻ ഗില്ലുമായിരുന്നു. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ രോഹിത് ശർമ ബോൾഡായി. പക്ഷേ കോലിയും ഗില്ലും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. 16 ഓവറിലാണ് (97 പന്തുകൾ) ഇന്ത്യ 100 പിന്നിട്ടത്. വിരാട് കോലി 50 പന്തുകളിലും ഗിൽ 55 പന്തുകളിലും അർധ സെഞ്ചറി തികച്ചു. അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഗില്ലിനെ ദിൽഷൻ മദുഷംഗയാണു പുറത്താക്കിയത്. ക്യാപ്റ്റൻ കുശാൽ മെൻഡിസ് ക്യാച്ചെടുത്തു ഗില്ലിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ സെഞ്ചറിയില്ലാതെ വിരാട് കോലിയും മടങ്ങിയത് ആരാധകർക്കു നിരാശയായി. മദുഷംഗയുടെ പന്തിൽ പതും നിഗംസ ക്യാച്ചെടുത്തു കോലിയെ മടക്കി. പിന്നാലെത്തിയ താരങ്ങളിൽ ശ്രേയസ് അയ്യർ നിലയുറപ്പിച്ചപ്പോൾ, കെ.എൽ. രാഹുലും (19 പന്തിൽ 21), സൂര്യകുമാർ യാദവും (ഒൻപതു പന്തിൽ 12) പെട്ടെന്നു മടങ്ങി. അതിവേഗം ബൗണ്ടറികൾ കണ്ടെത്തിയ അയ്യർ 36 പന്തിൽ 50 പിന്നിട്ടു. 44. 5 ഓവറുകളിലാണ് ഇന്ത്യ 300 കടന്നത്. സ്കോർ 333 ൽ നിൽക്കെ ഇന്ത്യയുടെ ആറാം വിക്കറ്റു വീണു. അയ്യരെ മദുഷംഗ മഹീഷ് തീക്ഷണയുടെ കൈകളിലെത്തിക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കുശാൽ മെൻഡിസ് റണ്ണൗട്ടാക്കി. അവസാന പന്തുകളിൽ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 24 പന്തിൽ 35 റൺസെടുത്തു. 357 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ലങ്കൻ ബാറ്റർമാർ സ്വപ്നത്തിൽ പോലും ഇത്തരത്തിൽ ഒരു തകർച്ച പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ നിസംഗയെ പുറത്താക്കി ബുമ്ര ലങ്കാമർദ്ദനത്തിന് തുടക്കമിട്ടു. എന്നാൽ കൂടുതൽ അപകടകാരി ആയത് ഇതുവരെ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന സിറാജ് ആണ്. തന്റെ ആദ്യ ഓവറിൽ തന്നെ റൻസ് വിട്ടുകൊടുക്കാതെ 2 വിക്കെറ്റ്. 3 വിക്കെറ്റ് നേടി സിറാജും 1 വിക്കെറ്റ് നേടി ബുമ്രയും ലങ്കൻ മുൻനിരയെ തകർത്തപ്പോൾ ക്യാപ്റ്റൻ രോഹിത് തന്റെ വജ്രായുധം ഷമിയെ അറ്റാക്കിലേക്ക് കൊണ്ടുവന്നു. പിന്നീട് നടന്നത് ഓർക്കാൻ ശ്രീലങ്കൻ ആരാധകർ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാവില്ല. വെറും 5 ഓവറിൽ നിന്നും 18 റൺസ് മാത്രം വിട്ടുകൊടുത്തു ഷമി പിഴുത്തെടുത്തത് 5 ലങ്കൻ വിക്കറ്റുകൾ. ഷമി ഹീറോ ആണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് തെളിയിച്ച അസാമാന്യ പ്രകടനം. ഒടുവിൽ ടീം സ്കോർ 55ൽ നിൽക്കേ മദുഷംഗയെ പുറത്താക്കി ജഡേജ ലങ്കയുടെ മേൽ അവസാന ആണിയും അടിച്ചു. 303 റൺസിന്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിലേക്കും.
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!