ഇന്ത്യക്കെതിരായ ലോർഡ്‌സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!

ലോർഡ്‌സ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആവേശകരമായ വിജയം നേടിയെങ്കിലും ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് ബെൻ സ്റ്റോക്സിനും സംഘത്തിനുമെതിരെ ഐസിസി നടപടി സ്വീകരിച്ചു. മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതിന് പുറമെ, 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് പോയിന്റ് കുറയ്ക്കാനും ഐസിസി തീരുമാനിച്ചു. അതേസമയം, ഇന്ത്യൻ ടീം ശിക്ഷാ നടപടികളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഈ സംഭവത്തിന് പിന്നാലെ, ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോൺ കടുത്ത വിമർശനവുമായി രംഗത്തെത്തി. ലോർഡ്‌സ് ടെസ്റ്റിൽ ഇരുടീമുകളുടെയും ഓവർ നിരക്ക് വളരെ കുറവായിരുന്നെന്ന് വോൺ ചൂണ്ടിക്കാട്ടി. എന്നിട്ടും ഒരു ടീമിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും വോൺ സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു.

കുറഞ്ഞ ഓവർ നിരക്ക് വിനയായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമാണ് നിലവിൽ ഇംഗ്ലണ്ടിനുള്ളത്. ലോർഡ്‌സ് ടെസ്റ്റിൽ 22 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 2-1ന് മുന്നിലാണ്.