സച്ചിന്റെ റെക്കോർഡ് മറികടന്ന് രചിൻ രവീന്ദ്ര

പുതിയ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് ബാറ്റർ രചിൻ രവീന്ദ്ര. ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് ബാറ്റർ രചിൻ രവീന്ദ്ര, 25 വയസ്സ് തികയുന്നതിന് മുമ്പ് ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ്‌ ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തു. 1996 ലോകകപ്പിൽ സച്ചിന്റെ 523 റൺസിന്റെ റെക്കോർഡാണ് രചിൻ രവീന്ദ്ര മറികടന്നത്. സച്ചിൻ അന്ന് ആ റെക്കോർഡ് കുറിക്കുമ്പോൾ അദ്ദേഹത്തിന് 23 വയസ്സായിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ മഹേഷ് തീക്ഷണയുടെ പന്ത് ബൗണ്ടറി അടിച്ചായിരുന്നു രവീന്ദ്ര സച്ചിന്റെ റെക്കോർഡ് മറികടന്നത് ഇന്നത്തെ മത്സരത്തിന് മുമ്പ് രവീന്ദ്ര എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 74.71 ശരാശരിയിൽ 523 റൺസ് നേടിയിരുന്നു. മൂന്ന് സെഞ്ച്വറികളും രണ്ട് അർധസെഞ്ചുറികളും നേടിയ രവീന്ദ്ര ലോകകപ്പിൽ കിവീസ് റൺ വേട്ടക്കാരിൽ ഒന്നാമനായിരുന്നു. ഇന്നിംഗ്‌സിനിടെ, ഒരു കന്നി ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് നേടിയ ജോണി ബെയർസ്‌റ്റോയെ മറികടന്നു. ഇംഗ്ലണ്ട് കിരീടം നേടിയ 2019 പതിപ്പിൽ ബെയർസ്റ്റോ 11 ഇന്നിംഗ്സുകളിൽ നിന്ന് 532 റൺസ് നേടിയിരുന്നു