തൃശൂർ: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂർ വാഹന പര്യടനം സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവേശിച്ചു. ജില്ലയിലെ കായിക പ്രേമികളും വിദ്യാർത്ഥികളും പൊതുസമൂഹവും ട്രോഫിക്ക് ഹാർദ്ദമായ വരവേൽപ്പാണ് ആദ്യ ദിനം നൽകിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ആഭിമുഖ്യത്തിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ഈ ട്രോഫി ടൂർ വാഹനം നാല് ദിവസമാണ് തൃശൂർ ജില്ലയിൽ പര്യടനം നടത്തുക. ഇതിലൂടെ തൃശൂരിന്റെ നഗര-ഗ്രാമീണ മേഖലകളിൽ ക്രിക്കറ്റിന്റെ ആവേശം അലയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂരിന്റെ സ്വന്തം ടീമായ ഫിനസ്സ് തൃശൂർ ടൈറ്റൻസ് ടീമും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.
പര്യടനത്തിന്റെ ജില്ലാതല ഉദ്ഘാടനം പാവറട്ടി സിഎംഐ പബ്ലിക് സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ട് സിഎംഐ, ഹെഡ്മാസ്റ്റർ പി.എഫ്. ജോസ്, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് റെജീന എം.എം, കായികാധ്യാപകരായ ജോബി ജോസ്, സജിത്ത് ജോർജ്, തൃശൂർ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആനന്ദ്, ഫാ. പ്രവീൺ എന്നിവർ ചേർന്നാണ് പര്യടന വാഹനം ഫ്ളാഗ് ഓഫ് ചെയ്തത്. വിദ്യാർത്ഥികളും ക്രിക്കറ്റ് പ്രേമികളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ട്രോഫിക്കും പര്യടന വാഹനത്തിനും നൽകിയത്.
ഉദ്ഘാടനത്തിന് ശേഷം ഇന്ന് പൂവത്തൂർ, ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞാണി എന്നിവിടങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറി. ഓരോ കേന്ദ്രത്തിലും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് രസകരമായ മത്സരങ്ങളും സംഘടിപ്പിച്ചു. എല്ലായിടത്തും വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ പരിപാടിയിൽ പങ്കെടുത്തത്. കെസിഎൽ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ തൃശൂരിലെ ക്രിക്കറ്റ് പ്രേമികൾ.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!
നിശാഗന്ധിയിൽ കെസിഎൽ സീസൺ-2 ഗ്രാൻഡ് ലോഞ്ച്: ഞായറാഴ്ച